കാര്‍ത്തി ചിദംബരത്തിന്റെ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി; 21ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം;ഹാര്‍ഡ് ഡിസ്കുകൾ തെളിവുകളാണെന്നും കോടതി:

കാര്‍ത്തി ചിദംബരത്തിന്റെ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി; 21ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം;ഹാര്‍ഡ് ഡിസ്കുകൾ തെളിവുകളാണെന്നും കോടതി:

ന്യൂഡല്‍ഹി: മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി. നികുതിവെട്ടിപ്പിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നല്‍കിയ കേസുകളില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. ജനുവരി 21ന് പ്രതികളോട് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അഗ്നി എസ്റ്റേറ്റ്സ് ഫൌണ്ടേഷന്‍ നടത്തിയ സ്ഥലമിടപാടുകളിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കാര്‍ത്തി ചിദംബരത്തിന്റേയും ഭാര്യ ശ്രീനിധി ചിദംബരത്തിന്റേയും പേരിലുള്ള നികുതിവെട്ടിപ്പ് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ്ങ്, ചെസ്സ് ഗ്ലോബല്‍ എന്നീ കമ്പനികളുടെ മറവില്‍ കോടിക്കണക്കിനു രൂപ നികുതി വെട്ടിപ്പ് നടത്തിയതായാണ് കാര്‍ത്തി ചിദംബരത്തിന് എതിരായ കേസ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കുകളിലാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള തെളിവുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് തെളിവായി കണക്കാക്കാനാവില്ലെന്നാണ് കാര്‍ത്തിയുടെ വക്കീല്‍ കോടതിയില്‍ ഉന്നയിച്ചത്. ഈ വാദം തള്ളിയ കോടതി ഹാര്‍ഡ് ഡിസ്‌കുകള്‍ മതിയായ തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടി.കമ്പനികളില്‍ നിന്ന് അദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത കണക്കുകള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കുകളും തെളിവായി കണക്കാക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ നിന്ന് കാര്‍ത്തി ചിദംബരത്തിനും ശ്രീനിധി ചിദംബരത്തിനും വിടുതല്‍ നല്‍കാനാവില്ലെന്നും പ്രത്യേക കോടതി ജഡ്ജിയായ ജസ്റ്റിസ് ഡി ലിംഗേശ്വരം വിധിച്ചു.