ദുരാചാരം നീക്കിയ മോദി സർക്കാറിന് നന്ദി : മധുരവിതരണവുമായി മുസ്ലിം സ്ത്രീകൾ:

ദുരാചാരം നീക്കിയ മോദി സർക്കാറിന് നന്ദി : മധുരവിതരണവുമായി മുസ്ലിം സ്ത്രീകൾ:

ദില്ലി : മുത്തലാഖ് കുറ്റമാക്കുന്ന നിയമം രാജ്യസഭ അംഗീകരിച്ചതോടെ മോദി സര്‍ക്കാരിന് നന്ദിയറിയിച്ച് മുസ്ലീം വനിതകള്‍. തങ്ങൾ വര്ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണ് ബിജെപി സര്‍ക്കാര്‍ നീക്കിയതെന്ന് അവര്‍ പറഞ്ഞു. മുംബൈയിലും ഹൈദരാബാദിലും മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് മുസ്ലീം വനിതകള്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.

രാജ്യസഭ പാസാക്കിയ മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ഈ നിയമം ഉറപ്പാക്കുന്നു. മുത്തലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം നല്‍കാന്‍ കേസിലെ ഇരയായ സ്ത്രീയുടെ അനുമതിയോടെ മജിസ്ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്ത്രീയുടെ അപേക്ഷയിലും മജിസ്ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും.

മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്ത് മുത്തലാഖ് ചൊല്ലിയ വ്യക്തിക്കെതിരെ കുറ്റം ചുമത്താം. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ.

2018 ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ മോദി സര്‍ക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതും തുടർന്ന് രാജ്യസഭ പാസാക്കിയതും . 84 എതിരെ 99 വോട്ടിനാണ് മുത്തലാഖ് നിയമമായത്.