രുദ്രധ്യാനത്തിൽ മോദി , കേദാർനാഥ് ഗുഹയിൽ മോദിയുടെ ഏകാന്ത ധ്യാനം:

രുദ്രധ്യാനത്തിൽ മോദി , കേദാർനാഥ് ഗുഹയിൽ  മോദിയുടെ ഏകാന്ത ധ്യാനം:

കേദാർനാഥ് ;  ശരീരത്തിനെയും മനസ്സിനെയും പ്രപഞ്ച ശക്തിയോട് ചേർത്ത് വച്ച് നരേന്ദ്രമോദിയുടെ ഏകാന്ത ധ്യാനം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആശങ്കകളില്ലാതെ , ഭരണത്തിന്റെ ഭാരങ്ങളില്ലാതെ 12200 അടി ഉയരത്തിലുള്ള രുദ്രഗുഹയിലാണ് മോദിയുടെ ധ്യാനം നടക്കുന്നത് .

കേദാർ നാഥ് ക്ഷേത്രം മുതൽ ഒപ്പമെത്തിയ ക്യാമറാകണ്ണുകളെയെല്ലാം മടക്കി അയച്ച പ്രധാനമന്ത്രി നാളെ രാവിലെ വരെ രുദ്രാ ഗുഹയില്‍ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാർനാഥിലെ ഗുഹയിൽ ധ്യാനത്തിനെത്തിയത്.

 പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.പ്രത്യേക അഭ്യർഥന നടത്തിയതിനാലാണ് മോദിയുടെ ഗുഹയ്ക്കകത്തെ ചിത്രങ്ങൾ പകർത്താൻ മാദ്ധ്യമങ്ങൾക്ക് അനുവാദം ലഭിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരംഭിച്ചത്.നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചിരുന്നു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു.

കനത്ത മഞ്ഞു വീഴ്ചയുള്ളതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളെ എസ്‌പിജി സംഘം നേരത്തെ തന്നെ കേദാർനാഥിലെത്തി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കേദാർനാഥിൽ പറന്നിറങ്ങി. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്രമോദി പൂജാ കർമ്മങ്ങളിലും പങ്കെടുത്തു.

ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് കേദാർനാഥിൽ ലഭിച്ചത്. പ്രധാനമന്ത്രി ആയ ശേഷം ഇത് നാലാം തവണയാണ് മോദി ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ കേദാർനാഥിലെത്തുന്നത്.

ഉത്തരാഖണ്ഡിലെ തീർത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാർ നാഥിലെത്തിയിരിക്കുന്നത്. നാളെ ഡൽഹിയിലേക്ക് തിരിക്കുംമുൻപ് ബദരീനാഥും സന്ദർശിക്കുമെന്ന് അറിയിപ്പുണ്ട്.(കടപ്പാട്:ജനം)