ന്യൂ ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷ രൂക്ഷമാക്കി. ഈ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് അറിയിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. സ്വന്തം മണ്ഡലത്തില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസിനു തലവേദനയാകുന്നത്.
ചുമതലകളില്‍ നിന്നും ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധിയെ എതിർക്കുന്നവർ, ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള വ്യക്തികള്‍ക്ക് അദ്ധ്യക്ഷ സ്ഥാനത്തിന് അവസരം നല്‍കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ രംഗത്തെത്തി.