ആലപ്പുഴ: ‘കായല്‍ സവാരിക്കിടെ തന്നെ തടഞ്ഞ സംഭവം അംഗീകരിക്കാന്‍ കഴിയാത്തതെന്ന് നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ്. വിനോദസഞ്ചാര മേഖലയ്ക്കും കേരളത്തിനും ഇത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. കായല്‍ സവാരിക്കിടെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൊള്ളക്കാര്‍ തോക്കിന്മുനയില് നിര്‍ത്തുന്നതിന് സമാനമായ സംഭവം. ഒരു മണിക്കൂറോളം ബലമായി തന്നെ തടഞ്ഞുവെച്ചു. വിനോദസഞ്ചാരമേഖലയ്ക്ക് ഇത് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ലെവിറ്റ് പറഞ്ഞു.
വിനോദ സഞ്ചാരത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയെന്നു പറഞ്ഞിട്ടും തന്നെ തടഞ്ഞത് നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ അതിഥിയെ തടഞ്ഞത് വിനോദ സഞ്ചാരത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞത് സാമൂഹികവിരുദ്ധരാണെന്നായിരുന്നു ടൂറിസം മന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ലെവിറ്റ് സര്‍ക്കാര്‍ അതിഥിയായാണ് കേരളത്തില്‍ എത്തിയത്. പ്രദേശത്തുള്ള ചില സാമൂഹിക വിരുദ്ധരാണ് അദ്ദേഹത്തെ തടഞ്ഞുവച്ചത്. സംഭവം പോലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു.