കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യത:
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയ സാഹചര്യത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്തായാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും വെള്ളിയാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കര്‍ണ്ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തീരങ്ങളില്‍ ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാം. അതിനാല്‍ മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.courtesy..Janam